ഫാ. ഫിലിപ്പ് നടുത്തോട്ടത്തിൽ ഒസിഡി
ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായി, ഒരിക്കൽ കൂടി ക്രിസ്മസ് ആഗതമായിരിക്കുകയാണ്.! ഈ ക്രിസ്മസ് എല്ലാവർക്കും സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, സ്നേഹത്തിന്റെയും, പുണ്യത്തിന്റെയും, അനുഗ്രഹത്തിന്റെയും, ഐശ്വര്യത്തിന്റെയും, കൃപകളുടെയും നാളുകളായി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും, ദൈവനാമത്തിൽ ആശീർവദിക്കുകയും ചെയ്യുന്നു.!!
സത്യത്തിൽ, ക്രിസ്തുമസ് ഒത്തിരിയേറെ സ്വപ്നങ്ങളുടെ, പ്രതീക്ഷകളുടെ കഥപറയുന്ന തിരുനാളാണ്. ചില വ്യക്തികൾ അവർ കണ്ട സ്വപ്നങ്ങൾക്ക് അനുസരിച്ച് തങ്ങളുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തിയപ്പോൾ, അവരുടെ ജീവിതത്തിൽ കൃപയായി, അനുഗ്രഹമായി, ദൈവം ഇടപെടുന്ന രംഗങ്ങളാണ് ക്രിസ്മസ് നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ക്രിസ്തുവിന്റെ വളർത്തച്ഛനായ വിശുദ്ധ യൗസേപ്പിതാവ് വളരെ അസ്വസ്ഥനായി കിടന്നുറങ്ങിയ ഒരു രാത്രിയിൽ ഒരു സ്വപ്നം കാണുകയാണ്!! “താൻ വിവാഹം കഴിക്കാൻ പോകുന്ന മറിയം പരിപൂർണ്ണമായും നല്ല സ്ത്രീയാണ്, അവളിൽനിന്ന് ജനിക്കുവാൻ പോകുന്നവൻ നിന്റെ ജീവിതത്തെ കീഴ്മേൽ മറിക്കും. ശങ്കിക്കാതെ, നീ അവളെ ഭാര്യയായി സ്വീകരിക്കുക.”!! അതുവരെ ഒരു സാധാരണക്കാരനായ, പാവപ്പെട്ട തച്ചൻ എന്ന് മാത്രം വിശേഷണം ഉണ്ടായിരുന്ന ജോസഫ് പിന്നീട് നീതിമാനായ മനുഷ്യൻ ആയിത്തീരുകയും, ദൈവത്തിന്റെ വളർത്തച്ഛനായതും, താൻ കണ്ട സ്വപ്നത്തിന് ജോസഫ് വില കൊടുത്തതിന്റെ പേരിലാണ്.!!!
പൗരസ്ത്യദേശത്ത് വസിച്ചിരുന്ന മൂന്ന് ജ്ഞാനികൾ ഒരു സ്വപ്നം കണ്ടു: “തങ്ങൾക്കായി ഒരു രക്ഷകൻ പിറന്നിരിക്കുന്നു”. തങ്ങളുടെ അറിവും പാണ്ഡിത്യവും ഉപയോഗിച്ച് അവർ ചിന്തിച്ചു, തീർച്ചയായും രക്ഷകൻ, ഒരു രാജകൊട്ടാരത്തിൽ ആയിരിക്കും പിറക്കുക.!! അങ്ങനെ അവർ വഴിതെറ്റി എത്തിച്ചേർന്നത് ഹേറോദേസിന്റെ കൊട്ടാരത്തിലായിരുന്നു. പക്ഷേ അവർക്ക് അവിടെ രക്ഷകനെ കണ്ടെത്താനായില്ല. അതേ, ദൈവമില്ലാത്തയിടങ്ങളിൽ ദൈവത്തെ അന്വേഷിച്ചാൽ എങ്ങനെ തമ്പുരാനെ കണ്ടെത്താനാകും?
സമ്പത്തിലും, സൗഭാഗ്യങ്ങളിലും, ജഡമോഹങ്ങളിലും ദൈവം വസിക്കുന്നു എന്ന് ചിന്തിക്കുവാനുള്ള പ്രലോഭനം മനുഷ്യസഹജമാണ്.!! അവ നിന്നെ “വഴിതെറ്റിക്കുന്ന രാജകൊട്ടാരങ്ങൾ” ആണെന്ന് തിരിച്ചറിയുക.!! സുഹൃത്തേ, ഒരുവേള ചിന്തിക്കാം, ഇനിയും ഞാൻ ദൈവത്തെ കണ്ടെത്താത്തതിന്റെ കാരണം ദൈവമില്ലാത്ത സ്ഥലങ്ങളിൽ, ലോകമോഹങ്ങളുടെ ആർഭാടങ്ങളിൽ, പാപത്തിൻ കെണികളിലൊക്കെ ഞാൻ ദൈവത്തെ തിരയുന്നതുകൊണ്ട് തന്നെയല്ലേ?
ഒടുവിൽ ആ ജ്ഞാനികൾ “കൊട്ടാരംവിട്ട് പുറത്തിറങ്ങിയപ്പോൾ”, ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത ദുർഗന്ധം വമിക്കുന്ന കാലിത്തൊഴുത്തിൽ ദൈവത്തെ കണ്ടെത്തി!!! വീണ്ടും അവർ ഹേറോദേസ് രാജാവ് ശിശുവിനെ കൊല്ലാൻ തീരുമാനിക്കുന്നു എന്ന “സ്വപ്നത്തിൽ” ലഭിച്ച അറിവനുസരിച്ച് “വഴിമാറി സഞ്ചരിക്കുന്നു”. അങ്ങനെ തങ്ങളുടെ സ്വപ്നങ്ങൾക്ക് വില കൽപ്പിക്കുകയും, വഴിമാറി സഞ്ചരിക്കാൻ തയ്യാറാവുകയും ചെയ്ത ആ ജ്ഞാനികൾ ദൈവത്തെ കണ്ടു വിശുദ്ധരായിത്തീരുന്നു.!! അതെ ദൈവാനുഭവം സാധ്യമായവർക്കെല്ലാം മാനസാന്തരങ്ങൾ ഉണ്ടാകും!! സുഹൃത്തേ, എന്തേ ദൈവം ഇനിയും ഒരു അനുഭവം ആയി മാറുന്നില്ല?
സുഹൃത്തേ നീ എപ്പോഴെങ്കിലും സ്വപ്നം കാണാറുണ്ടോ? ക്രിസ്തുവിനെ എനിക്ക് കാണണമെന്ന സ്വപ്നം? എന്റെ ജീവിത പ്രതിസന്ധികളിലും, സഹനങ്ങളിലും, എന്റെ കരം പിടിച്ചു നടക്കുന്ന ഒരു ദൈവമുണ്ടെന്നുള്ള സ്വപ്നം? എന്നെക്കുറിച്ച് സ്വപ്നം കാണുന്ന, പദ്ധതികൾ വിഭാവനം ചെയ്യുന്ന, ഒരു ദൈവമുണ്ടെന്നുള്ള സ്വപ്നം? അബ്ദുൽ കലാം പറഞ്ഞുവച്ചത് പോലെ, “ജീവിതത്തെ കുറിച്ച് സ്വപ്നം കാണുന്നവരാണോ നിങ്ങൾ”? പകൽ കിനാവോ, പാഴ്കിനാവോ അല്ല! യഥാർത്ഥ ജീവിത “ദർശനങ്ങൾ” കാണുന്നവർ.!!
പീലാത്തോസിനെ ഭാര്യ ക്ലോഡിയ, കൊലകളത്തിലേക്ക് നയിക്കപ്പെട്ട ക്രിസ്തുവിനെ കുറിച്ചോർത്ത്, രാത്രിയിൽ ഒരു സ്വപ്നം കാണുകയാണ്!! “ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുത്”. പക്ഷേ പീലാത്തോസ് ഭാര്യയുടെ സ്വപ്നത്തിന് വില കൊടുക്കാതെ, “കൈകഴുകി എനിക്ക് ആ നീതിമാന്റെ രക്തത്തിൽ പങ്കില്ല” എന്ന് പലയാവർത്തി പറഞ്ഞിട്ടും ലോകമിന്നും അവനെ ഒരു ക്രൂരനായി കാണുന്നു.!! അതെ ചില സ്വപ്നങ്ങൾ യാഥാർത്ഥ്യമാകാൻ ഒത്തിരിയേറെ അലയേണ്ടിവരും, സഹിക്കേണ്ടിവരും, വിലകൊടുക്കേണ്ടിവരും, തിരസ്കരണമേൽക്കേണ്ടിവരും!!
സുഹൃത്തേ,നിന്റെ സ്വപ്നമെന്താ? അതിനുവേണ്ടി വില കൊടുക്കുക!!
വിശുദ്ധനായ ഒരു വൈദികനാകാൻ, വിശുദ്ധയായ ഒരു സമർപ്പിതയാകാൻ, നല്ല മാതാപിതാക്കളാകാൻ, കുടുംബത്തിന് ഉപകാരമുള്ള മക്കളാകാൻ, ഒരു നല്ല ജോലി സമ്പാദിക്കാൻ, നന്നായി പഠിച്ച് ജീവിതത്തിൽ വിജയം നേടാൻ ഒക്കെ ഒക്കെ നീ സ്വപ്നം കാണണം!!! നിന്റെ സ്വപ്നത്തിനുവേണ്ടി നീ അലയുന്ന വ്യക്തിയാണെങ്കിൽ, ഏതു മരുഭൂമി അനുഭവങ്ങളോ,ഗത്സമേൻ അനുഭവങ്ങളോ ഉണ്ടായാലും, ആ സ്വപ്നസാക്ഷാത്കാരത്തിനായി ദൈവം കൂടെ ഉണ്ടാവും… തീർച്ച!!!
ഈ ക്രിസ്തുമസ് ജീവിത ദർശനങ്ങൾ നൽകുന്ന ദിനങ്ങളായി മാറട്ടെ.!!! സ്വപ്ന സാക്ഷാത്കാരത്തിന്റെ ദിനങ്ങളായി മാറട്ടെ. അങ്ങനെ മാനസാന്തരത്തിലൂടെ, ഉണ്ണി യേശുവിനായി ഒരു പുൽക്കൂട് ഹൃദയത്തിലും, ഭവനത്തിലും നമുക്ക് ഒരുക്കാം. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.!! ഹാപ്പി ക്രിസ്മസ്.!