ക്രൈസ്തവർ നോമ്പുകാലത്ത് വായിക്കുകയോ കേൾക്കുകയോ ചെയ്യുന്ന മറ്റൊരു ബൈബിൾ ഭാഗമാണ് വി. ലൂക്കയുടെ സുവിശേഷം പതിമൂന്നാം അദ്ധ്യായം ഒന്ന് മുതൽ ഒൻപതു വരെയുള്ള വാക്യങ്ങൾ.
അത്യാഹിതങ്ങളെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും പ്രകൃതിക്ഷോഭങ്ങളെക്കുറിച്ചും അപ്രതീക്ഷിതങ്ങളായ സംഭവവികാസങ്ങളെക്കുറിച്ചുമുള്ള ക്രൈസ്തവ കാഴ്ചപ്പാടാണ് അവിടെ ചിന്താവിഷയം.
ഇന്നും പലരും വിശ്വസിക്കുന്നതുപോലെ യേശുവിന്റെ കാലത്തും യഹൂദർ വിശ്വസിച്ചിരുന്നത് അത്യാഹിതങ്ങളൊക്കെ തങ്ങളുടെയോ തങ്ങളുടെ പൂര്വികരുടെയോ പാപങ്ങൾക്കുള്ള ദൈവശിക്ഷയായിട്ടായിരുന്നു.
രോഗം, ദാരിദ്ര്യം, അപകടം, പ്രകൃതിക്ഷോഭം, യുദ്ധം, മഹാമാരികൾ തുടങ്ങിയ പലതും ഈ ഗണത്തിൽ അവർ പെടുത്തി.
അതുകൊണ്ടവർ ഇത്തരം അത്യാഹിതങ്ങളിൽ പെടുന്നവരെ കുറഞ്ഞവരായും, അധഃകൃതരായും കാണുകയും അവരെ നെഞ്ചോട് ചേർത്തുപിടിച്ചു സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നതിന് പകരം അവഗണിക്കുകയും പുശ്ചിക്കുകയും ചെയ്തുപോന്നു.
രണ്ടു ആനുകാലിക സംഭവങ്ങളാണ് ഉദാഹരണമായി എടുത്തുപറഞ്ഞുകൊണ്ട് അവർ ഈശോയോടു സംശയനിവാരണം നടത്തുന്നത്.
ഒന്നാമത്തെ ചോദ്യം പീലാത്തോസ് അതിക്രൂരമായി പ്രാർത്ഥനയിൽ അകപ്പെട്ടിരുന്നവരെ കൊലപ്പെടുത്തിയതിനെകുറിച്ചാണ്.
അവർ പ്രാർത്ഥിക്കുകയും ബലിയർപ്പിക്കുകയും ചെയ്യുന്നവേളയിലായിരുന്നു പീലാത്തോസ് കൂട്ടക്കൊല നടത്തിയത്.
രണ്ടാമത്തെ ഉദാഹരണം ശിലോഹ ഗോപുരം ഇടിഞ്ഞുവീണ് പതിനെട്ടു പേർ അതിദാരുണമായി മരിച്ചതിനെക്കുറിച്ചും.
ഈ രണ്ടു സംഭവങ്ങളും കൊല്ലപ്പെട്ടവരുടെയും മരിച്ചവരുടെയും പാപങ്ങൾ മൂലമാണോ എന്നാണ് അവർക്ക് അറിയേണ്ടത്.
സത്യത്തിൽ അവർ ചോദിക്കേണ്ടതും അന്വേഷിക്കേണ്ടതും പീലാത്തോസ് എന്തുകൊണ്ട് ഇത്ര ക്രൂരമായി ഈ മനുഷ്യരെ കൊന്നു എന്നാണ്. പ്രാർത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ കടന്നു കയറി കൊല്ലുന്നതും ആക്രമിക്കുന്നതും ഒരു അധികാരിയുടെ ക്രൂരതയും ഭീകരതയും ഭീരുത്വമല്ലേ പ്രകടമാകുന്നത്?
എന്നുമാത്രമല്ല, കൊല്ലപ്പെട്ടവരുടെ രക്തം അവരുടെ ബാലിവസ്തുക്കളുടെ രക്തത്തോടു കൂട്ടികലർത്തിയെന്നു പറയുമ്പോൾ പീലാത്തോസിന്റെ ക്രൂരതയുടെ ആഴം വ്യക്തമാകും.
ഭരിക്കുന്നവരുടെ ക്രൂരതയും അധികാരപ്രമത്തതയും പാവം ജനം ചോദ്യം ചെയ്യുകയോ വിമർശിക്കുകയോ ചെയ്യുന്നില്ല.
അധികാരപ്രമത്തതക്ക് അധികാരികൾക്ക് അധികാരമുണ്ടെന്നും അവരെ അനുസരിക്കേണ്ട അടിമകളാണ് തങ്ങളെന്നും പാവം ജനമെന്ന കഴുത ധരിച്ചു വശായിപ്പോയി.
അഥവാ ക്രൂരതകൊണ്ടും അടിച്ചേൽപ്പിക്കൽകൊണ്ടും പ്രതികരണ ശേഷി മാത്രമല്ല പൊതുജനത്തിന്റെ ചിന്താശേഷിപോലും ഭരിക്കുന്നവർ തകർത്തുകളഞ്ഞു.
അധികാരത്തെ നീതീകരിച്ചുകൊണ്ടുള്ള ചിന്തകൾക്ക് മാത്രമേ ജനമനസ്സിൽ സ്ഥാനമുള്ളൂ.
നാളുകൾകൊണ്ട് ജനത്തെ അവർ അങ്ങനെ ആക്കിത്തീർത്തു.
തങ്ങൾ അനുസരിക്കാൻ മാത്രം വിധിക്കപ്പെട്ടവരാണെന്ന് പാവം ജനം വിശ്വസിച്ചുപോയി.
അധികാരി ചെയ്യുന്ന ക്രൂരതപോലും തങ്ങളുടെ കുറ്റംകൊണ്ടാണെന്ന് അവർ ധരിച്ചുവശായി. അതുകൊണ്ടാണ് അവർ ചോദിച്ചത് കൊല്ലപ്പെട്ടവരുടെ പാപമാണോ ഈ ക്രൂരമായ കൊലക്കു കാരണമെന്ന്.
ഇന്നും ജനത്തിനു ചിന്താശേഷി നഷ്ടപ്പെട്ടു. ക്രൂരതയും കൊലയും കടന്നുകയറ്റവും അധികാരികളുടെ അടിച്ചേൽപ്പിക്കലും നീതീകരിക്കുന്ന ഒരു പക്ഷമായി ജനത്തിന്റെ നല്ലൊരുഭാഗം മാറിയിരിക്കുന്നു.
അതുകൊണ്ടു എല്ലാം അടിമപ്പെട്ടു കിടക്കുന്ന ജനവിഭാഗത്തിന്റെ ചിലവിലും, അവരുടെ കുറ്റം കൊണ്ട് ആണെന്ന് അവരെപ്പോലും പറഞ്ഞു ബോധ്യപ്പെടുത്തിയും, അവരുടെ ചിന്താരീതിപോലും എല്ലാത്തിനും “ഞാൻ പിഴ” എന്നാക്കികൊണ്ടും, അധികാരവും അധീശത്തവും പുലർത്തുന്ന മനോഭാവം ക്രിസ്തു എതിർക്കുന്നു.
ഈ എതിർപ്പും നിഷേധവും ക്രിസ്തുവിന്റെ മറുപടിയിലുണ്ട്.
ക്രിസ്തു അവരോടു വ്യക്തമായി പറഞ്ഞു, അത്യാഹിതങ്ങൾ ആരുടെയും പാപത്തിന്റെ ശിക്ഷയല്ല.
ജീവിതത്തിൽ അപകടങ്ങളും അത്യാഹിതകളും രോഗങ്ങളും ഉണ്ടാകുന്നതു ആരുടെയും പാപത്തിന്റെ ഫലമല്ല.
എന്നാൽ ആവശ്യമായ മുൻകരുതലുകൾ എടുത്താൽ പല അപകടങ്ങളും അത്യാഹിതങ്ങളും ഒഴിവാക്കാൻ സാധിക്കും.
മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അത്യാഹിതം തീർച്ചതന്നെ.
അപകടങ്ങൾ ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
മറ്റുള്ളവരുടെ അത്യാഹിതങ്ങളിൽ നിന്നും നമുക്ക് പാഠം പഠിക്കാൻ കഴിയണം.
സ്വയം കത്തണമെന്നില്ല കത്തിയാലുണ്ടാകുന്ന ചൂട് മനസിലാക്കാൻ.
കഴിഞ്ഞകാല യുദ്ധക്കെടുതികളിൽ നിന്നും പാഠം പഠിച്ചു എന്ത് ത്യാഗം സഹിച്ചും ഇന്ന് യുദ്ധം ഒഴിവാക്കാൻ നമുക്ക സാധിക്കണമായിരുന്നു.
മറ്റു നാടുകളിലെ വികാസം കണ്ടു മനസിലാക്കിയിട്ടു പല സംരംഭങ്ങളും വികസനമല്ല എന്ന് മനസിലാക്കാൻ നമുക്കാകണമായിരുന്നു.
പക്ഷെ അന്നെന്നെ പോലെ ഇന്നും പൊതുജനത്തെ തല്പര കക്ഷികൾ ബുദ്ധിക്ഷാളനം നടത്തി അടിമകളാക്കി വച്ചിരിക്കുകയല്ലേ?
ജനത്തിനു പ്രതികരിനാകുന്നില്ല;
എന്ന് മാത്രമല്ല പ്രതികരിക്കുന്നവരോട് അധികാരികൾ അക്രമവും കാണിക്കുന്നു.
എന്തോന്ന് സംസ്ക്കാരം?
By, ജോസഫ് പാണ്ടിയപ്പള്ളിൽ