ജിൽസ ജോയ്
ഫാത്തിമയിൽ WYD -ക്ക് ഇടയിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ വെച്ച് രണ്ടര വർഷമായി മയോപ്പിയ മൂലം കണ്ണിന്റെ 95% കാഴ്ച നഷ്ടപ്പെട്ടിരുന്ന സ്പാനിഷ് പെൺകുട്ടി ഹിമനക്ക് (Jimena) കാഴ്ച തിരിച്ചു കിട്ടി!
കണ്ണിന് കാഴ്ച തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ വിധിയെഴുതിയ ഹിമന, ഓഗസ്റ്റ് 5 ആദ്യശനിയാഴ്ച, മഞ്ഞുമാതാവിനോട് അവൾ ചൊല്ലിയിരുന്ന നൊവേന പൂർത്തിയാക്കുന്ന തിരുന്നാൾ ദിവസം, കുമ്പസാരിച്ചതിന് ശേഷം പങ്കെടുത്ത വിശുദ്ധ കുർബ്ബാനയിൽ വെച്ച്, കുർബ്ബാനസ്വീകരണം കഴിഞ്ഞാണ് തനിക്ക് കാഴ്ച ലഭിച്ചതായി തിരിച്ചറിഞ്ഞത്.
പോപ്പ് ഫ്രാൻസിസ് ഫാത്തിമയിൽ സുഖമില്ലാത്തവർക്കായി നടത്തിയ പ്രത്യേക പ്രാർത്ഥനക്ക് ശേഷമായിരുന്നു അത്. അവൾക്ക് സുഖമാകുമെന്ന പ്രതീക്ഷ തനിക്ക് എപ്പോഴും ഉണ്ടായിരുന്നതായി അവളുടെ പിതാവ് പറഞ്ഞു. ‘ലോകയുവജനസംഗമത്തിനായുള്ള പരിശുദ്ധ അമ്മയുടെ സമ്മാനം’ -എന്നാണ് അദ്ദേഹം അത്ഭുതരോഗശാന്തിയെ വിശേഷിപ്പിച്ചത്.
കുർബ്ബാനസ്വീകരണത്തിന് ശേഷം, തനിക്ക് കാഴ്ച ലഭിച്ചില്ലെങ്കിൽ അത് തന്റെ വിശ്വാസക്കുറവ് മൂലമാകുമെന്ന പേടിയിൽ കണ്ണ് തുറക്കാൻ മടിച്ച അവൾ, പതിയെ കണ്ണ് തുറന്നപ്പോൾ എല്ലാം കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൾക്ക് സന്തോഷം മൂലം കണ്ണീരടക്കാൻ കഴിഞ്ഞില്ല. ഓപസ് ദേയ് യൂത്ത് ക്ലബ് ന്റെ കൂടെയാണ് ഹിമന ലിസ്ബണിൽ വേൾഡ് യൂത്ത് ഡേക്കായി വന്നത്.
“വിശുദ്ധ കുർബ്ബാന സ്വീകരണത്തിന് ശേഷം ബെഞ്ചിൽ വന്നിരുന്ന് ഞാൻ കരയാൻ തുടങ്ങി. അന്ന് മഞ്ഞുമാതാവിനോടുള്ള നൊവേനയുടെ അവസാന ദിവസമായിരുന്നു, രോഗശാന്തിക്കായി ആഗ്രഹിച്ച്…ഞാൻ ദൈവത്തോട് ഏറെ ചോദിച്ചിരുന്നു… പിന്നെ കണ്ണ് തുറന്നപ്പോൾ എനിക്ക് എല്ലാം നന്നായി കാണാൻ കഴിയുന്നുണ്ടായിരുന്നു”… -അവൾ പറഞ്ഞു.
തനിക്കിത് എങ്ങനെ വിവരിക്കണമെന്ന് അറിയുന്നില്ലെന്ന് സന്തോഷമടക്കാനാകാതെ അവൾ പറഞ്ഞു. കുർബ്ബാനക്ക് ശേഷം ഹിമന നൊവേനയുടെ അവസാന പ്രാർത്ഥന നോക്കി, വ്യക്തമായി, ഉറക്കെ വായിച്ചു. “ഞങ്ങൾ അവളോട് കൂടെ അതിയായി സന്തോഷിക്കുന്നു, അവൾക്കായി പ്രാർത്ഥിക്കുന്നു”.. ഫാത്തിമ തീർത്ഥാടനകേന്ദ്രത്തിൽ നിന്നുള്ള വക്താവ് പറഞ്ഞു.
സ്പാനിഷ് ബിഷപ്പ്സ് കോൺഫറൻസ് പ്രസിഡന്റും മാഡ്രിഡ് ആർച്ച്ബിഷപ്പുമായ കർദിനാൾ ജുവാൻ ഹൊസെ ഒമെല്ല ഈ അത്ഭുതത്തെ ‘ദൈവത്തിന്റെ വലിയ കാരുണ്യം’ എന്നാണ് ലിസ്ബണിലെ എഡ്വേർഡ് ഏഴാമൻ പാർക്കിൽ നടത്തിയ പത്രസമ്മേളത്തിൽ വിശേഷിപ്പിച്ചത്. ജിമെന്നയുമായി വീഡിയോ കോൺഫറൻസിലൂടെ താൻ സംസാരിച്ച വിവരവും അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ ഏതാനും നാളുകളായി ജിമെന്ന ബ്രെയ്ലി പരിശീലിക്കുന്നുണ്ടായിരുന്നെന്നും എന്നാൽ അവൾക്ക് ഇപ്പോൾ സാധാരണ പോലെ വായിക്കാൻ കഴിയുന്നുണ്ടെന്നും സദ്വാർത്തയും അദ്ദേഹം വെളിപ്പെടുത്തി.
‘ഇക്കാര്യം സ്ഥിരീകരിക്കേണ്ടത് ഡോക്ടർമാരാണ്. മുമ്പത്തെ അവസ്ഥ എന്തായിരുന്നു, അത് ഭേദമായിട്ടുണ്ടോ അങ്ങിനെയുള്ള കാര്യങ്ങൾ അവർ വിലയിരുത്തണം. എന്നാൽ, ഇപ്പോൾ പെൺകുട്ടിക്ക് ലഭിച്ചത് വലിയൊരു അത്ഭുതമാണെന്ന് പറയാം. മുമ്പ് അവൾ ഒന്നും കണ്ടിരുന്നില്ല, ഇപ്പോൾ അവൾ കാണുന്നു. മറ്റുള്ള കാര്യങ്ങൾ പറയാൻ യോഗ്യതയുള്ളത് ഡോക്ടർമാർക്കാണ്. ദൈവം അനുഗ്രഹിക്കട്ടെ,’ കർദിനാൾ ജുവാൻ കൂട്ടിച്ചേർത്തു.