തൃശ്ശൂർ മുക്കാട്ടുകര പള്ളിയിൽ 40 സ്ത്രീകൾ 40 മാതാവിന്റെ വേഷത്തിൽ വേൾഡ് റെക്കോർഡിൽ… പരിശുദ്ധ ദൈവമാതാവിന്റെ 40 പ്രത്യക്ഷീകരണങ്ങൾ ഒരൊറ്റ വേദിയിൽ; അണിചേർന്നത് തൃശൂരിലെ 40 വനിതകൾ. വേളാങ്കണ്ണി മാതാവ്, കെട്ടുകൾ അഴിക്കുന്ന മാതാവ്, ഗ്വാഡലൂപ്പെ മാതാവ്, ലാസലൈറ്റ് മാതാവ്, ഫാത്തിമാ മാതാവ്, കർമല മാതാവ്, അമലോത്ഭവ മാതാവ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ ഒരൊറ്റ വേദിയിൽ! ജപമാലമാസ സമാപനത്തോട് അനുബന്ധിച്ച് തൃശൂരിലെ മുക്കാട്ടുകര സെന്റ് ജോർജ് ദൈവാലയത്തിൽ സംഘടിപ്പിച്ച മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പ്രദർശനം വിശ്വാസികൾക്ക് സമ്മാനിച്ചത് അവിസ്മരണീയമായ അനുഭവമാണ്. വികാരി ഫാ. പോൾ തേയ്ക്കാനത്ത് മുന്നോട്ടുവെച്ച ആശയത്തോട് ഇടവക ജനം ഒന്നടങ്കം ചേർന്നുനിന്നതിന്റെ ഫലമായിരുന്നു ‘അമ്മയ്ക്കരികെ’ എന്ന പേരിൽ സംഘടിപ്പിച്ച മരിയൻ പ്രദർശനം.
നാല് വർഷംമുമ്പ് സോഷ്യൽ മീഡിയയിൽ കണ്ട മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പ്രദർശനമാണ് ഫാ. പോൾ തേയ്ക്കാനത്തിന് പ്രചോദനമായത്. യൂറോപ്പിലെങ്ങോ നടത്തിയ ആ
പ്രദർശനം തന്റെ ഇടവകയിലും നടത്തണമെന്ന ആഗ്രഹം സഹവികാരിയായ ഫാ. അനു ചാലിലിനെ അറിയിച്ചപ്പോൾ അദ്ദേഹം മുന്നോട്ടുവെച്ച അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ നൂതന സാങ്കേതിക വിദ്യയുടെ സഹായംകൂടി വിനിയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടവകയിലുള്ള 40 കുടുംബയൂണിറ്റുകളിലൂടെയാണ് 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ സ്റ്റേജിൽ ഒന്നിച്ചണിനിരന്നത്.
വികാരിയും സഹവികാരിയും തിരഞ്ഞെടുത്ത 40 മരിയൻ പ്രത്യക്ഷീകരണങ്ങൾ ഏതെല്ലാം യൂണിറ്റുകൾ അവതരിപ്പിക്കണമെന്നത് നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. ”മാതാവിന്റെ രൂപസാദൃശ്യത്തിനാവശ്യമായ കിരീടവും ഗൗണും യൂണിറ്റുകൾ തന്നെ കണ്ടെത്തി. ഇതിന് സാമ്പത്തിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ഓരോ യൂണിറ്റിനും ചെറു തുക നൽകി.
അതു പോലെ മാതാവിനെ ഒരുക്കാൻ മെയ്ക്കപ്പ് ആർട്ടിസ്റ്റിനുള്ള ചെലവും ദൈവാലയം വഹിച്ചു. അഞ്ചടി ഉയരമുള്ള ഏതു പെൺകുട്ടിക്കും മാതാവിന്റെ വേഷം ധരിക്കാം എന്ന നിബന്ധന മാത്രമാണ് ദൈവാലയം മുന്നോട്ടുവെച്ചത്,” ഫാ. പോൾ തേയ്ക്കാനത്ത് ‘സൺഡേ ശാലോ’മിനോട് പറഞ്ഞു. ദൈവാലയ അങ്കണത്തിൽ പ്രത്യേകം തയാറാക്കിയ 160 അടി നീളമുള്ള സ്റ്റേജിൽ ആധുനിക ഡിജിറ്റൽ ശബ്ദവെളിച്ച സംവിധാനങ്ങളോടെയായിരുന്നു മരിയൻ പ്രത്യക്ഷീകരണങ്ങളുടെ പുനരാവിഷ്ക്കരണം. \
ഒരുപക്ഷേ, കേരളത്തിൽതന്നെ പുതുതായ പ്രദർശനം കാണാൻ ഇതര മതസ്ഥർ ഉൾപ്പെടെ 4000-ൽപ്പരം പേർ എത്തിയെന്ന് ഫാ. പോൾ സാക്ഷ്യപ്പെടുത്തുന്നു. നവ സുവിശേഷ പ്രസംഗക എന്ന നിലയിൽ മാതാവിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ‘അമ്മയ്ക്കരികെ’ മരിയൻ പ്രദർശനത്തിന് ‘ലാർജസ്റ്റ് ലൈവ് ഡിസ്പ്ലേ ഓഫ് മരിയൻ അപ്പാരിഷൻസ്’ വിഭാഗത്തിൽ ലഭിച്ച വേൾഡ് റെക്കോർഡ്, ബെസ്റ്റ് ഓഫ് ഇന്ത്യ ചീഫ് എഡിറ്റർ ജോസ് അന്നേ ദിനം മുക്കാട്ടുകര ഇടവകയ്ക്ക് സമ്മാനിക്കുകയും ചെയ്തു.