ജിൽസ ജോയ്
കൽക്കട്ടയിലെ ഓടകൾക്കരികിൽ നിന്നും കിട്ടിയ 15000-ൽ അധികം രോഗികളും നിരാലംബരുമായ മനുഷ്യർ ക്രിസ്തുവിലേക്ക് വരാൻ കാരണമായ മദർ തെരേസയോട് ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ ഒരിക്കൽ ചോദിച്ചു, “ആ പാവപ്പെട്ട മനുഷ്യരെ നിങ്ങളുടെ ആശുപത്രികളിൽ എത്തിച്ചിട്ട് എങ്ങനെയാണ് അവരോട് സുവിശേഷപ്രഘോഷണം നടത്തിയതും യേശുവിനെപറ്റി അവരെ പഠിപ്പിച്ചതും?”
മദർ പറഞ്ഞു, “ഞാൻ അതൊന്നും ചെയ്തില്ല. അവരെ ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനിടയിൽ ഞാൻ അവരോട് ചോദിക്കും, “നിങ്ങൾക്ക് ക്രിസ്തുവിനെപ്പറ്റി കേൾക്കണോ? “അവർ ചോദിക്കും, “ക്രിസ്തു മദറിനെപ്പോലെ ആണോ? “മദർ പറയും, “അല്ല, ഞാൻ അവനെപ്പോലെ ആവാൻ ശ്രമിക്കുന്നു”. “എങ്കിൽ ഞങ്ങൾക്കും ക്രിസ്ത്യാനി ആവണം” അവർ പറയും”…ഇത്ര സിമ്പിൾ ആയിരുന്നു മദറിന്റെ സുവിശേഷപ്രഘോഷണം.
സ്നേഹിച്ചും ശുശ്രൂഷിച്ചും നടന്ന ആ അമ്മയുടെ ചെയ്തികളിലൂടെയാണ് ആളുകൾ ക്രിസ്തുവിനെ മനസ്സിലാക്കിയത്. സോവിയറ്റ് റഷ്യയിൽ ഒരു കോൺവെന്റ് തുറക്കാനുള്ള അനുമതി ലഭിക്കാതെ വന്നപ്പോൾ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവിന് വിശുദ്ധ മിഖായേലിന്റെ തിരുന്നാൾ ദിനത്തിൽ ആശംസ അയച്ചാണ് മദർ തെരേസ അത് ഓർമ്മിപ്പിച്ചത്.
ലക്ഷക്കണക്കിന് പേരുടെ ജീവൻ പോകുന്ന യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് പ്രസിഡന്റ് ബുഷിനോടും പ്രസിഡന്റ് സദ്ദാം ഹുസൈനിനോടും അഭ്യർത്ഥിച്ചു. ശത്രുത അവസാനിച്ചു കഴിഞ്ഞപ്പോൾ യുദ്ധം കാരണം താറുമാറായ നാട്ടിൽ ആറ് കേന്ദ്രങ്ങൾ തുറക്കാൻ ഇറാക്ക് പ്രസിഡന്റ് സദ്ദാം ഹുസൈൻ മദർ തെരേസക്ക് അനുമതി നൽകി.
രാജ്യത്തലവന്മാർ ദുർബ്ബലയായ ഈ വനിതയെ എത്ര ബഹുമാനിച്ചു. പല രാജ്യങ്ങളും അവരുടെ ഏറ്റവും ഉയർന്ന ബഹുമതികൾ നൽകി. എന്നാൽ മദറിനെ ആർക്കും അത്ര പരിചയമില്ലാതിരുന്ന കാലത്തെ ബുദ്ധിമുട്ടുകൾ സഹിക്കുക ഒട്ടും എളുപ്പമായിരുന്നില്ല.
മോത്തിജില്ലിൽ മദർ തെരേസ കുട്ടികളെ പഠിപ്പിക്കുന്നത് വന്നു കണ്ട സെന്റ് മേരീസിലെ പൂർവ്വവിദ്യാർത്ഥികൾ ഞെട്ടിപ്പോയി. 1948 -ൽ അതൊരു വിചിത്രദൃശ്യമായിരുന്നു. തങ്ങളുടെ പ്രിൻസിപ്പൽ ആയിരുന്ന കന്യാസ്ത്രീ വിലകുറഞ്ഞ സാരിയിൽ നഗ്നപാദയായി, മേശയും കസേരയും പുസ്തകവും ഒന്നുമില്ലാതെ നാറുന്ന ചെളിക്കുണ്ടിന് സമീപം കുട്ടികളെ പഠിപ്പിക്കുന്നു…
ഒരു ദിവസം ക്ലാസ് എടുത്തുകൊണ്ടിരുന്നപ്പോൾ ഒരു കുട്ടി പറഞ്ഞു, “സിസ്റ്റർ, സീനയും അവളുടെ സഹോദരനും ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല”. മദറിന്റെ കയ്യിൽ ആകെ ഉണ്ടായിരുന്നത് വണ്ടിക്കൂലിക്കുള്ള മൂന്നണ. വൈകുന്നേരം നടന്നുപോകാമെന്നു വിചാരിച്ചു അതിന് കുറച്ചു പലഹാരം വാങ്ങി. കയ്യിലുണ്ടായിരുന്ന രണ്ട് മുട്ടയും കൂടി അവർക്ക് കൊടുത്തു. അന്ന് താമസസ്ഥലത്തേക്ക് , വിശന്നുകൊണ്ട് നടക്കുന്നതിനിടയിൽ മദറിനെ ഞെട്ടിച്ച ഒരു സംഭവമുണ്ടായി.
വഴിയരികിൽ ഒരു പള്ളി കണ്ടപ്പോൾ എന്തെങ്കിലും സംഭാവന ലഭിക്കുമെന്ന പ്രതീക്ഷയിൽ മദർ കയറിച്ചെന്നു. “ഒരു പുരോഹിതന്റെ ഉദാരമനസ്കത പരീക്ഷിക്കാമെന്നുറച്ചു. പക്ഷെ, ഞാനെന്തോ വലിയ തെറ്റ് ചെയ്‌തെന്ന രീതിയിലായിരുന്നു അയാളുടെ പെരുമാറ്റം. ഇടവകയിലെ പുരോഹിതനോട് ചോദിക്കാനാണ് അയാൾ ഉപദേശിച്ചത്.
ഞാൻ യാചിച്ചു പണമുണ്ടാക്കിക്കൊള്ളാമെന്ന് പറഞ്ഞപ്പോൾ അയാളുടെ അത്ഭുതം ഇരട്ടിച്ചു. തനിക്ക് മനസ്സിലാകുന്നില്ല പോലും. യാത്ര പോലും പറഞ്ഞില്ല. അതിശക്തമായ ഒരാഘാതമായിരുന്നു അത്. കാമായ് തെരുവിലെത്തിയപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു”. അവശയായിരുന്നതുകൊണ്ടാവാം മദർ വികാരവിക്ഷുബ്ധയായത്. പക്ഷേ ഒന്നിനും മദറിന്റെ ദൃഡനിശ്ചയത്തെ തളർത്താൻ കഴിഞ്ഞില്ല. കൂടുതൽ വാശിയോടെ മുന്നോട്ടുപോയി.
തുടർച്ചയായുള്ള ഓരോ ദുരനുഭവങ്ങളും തളർത്തുമ്പോൾ ലോറേറ്റോയിലെ സൗകര്യങ്ങൾ ഓർമിപ്പിച്ച്, ഉള്ളിലിരുന്നു ആരോ പ്രലോഭിപ്പിച്ചിരുന്നു, ‘നീയൊരു വാക്ക് പറഞ്ഞാൽ മതി, അതെല്ലാം വീണ്ടും നിനക്ക് തിരികെ കിട്ടും’.
അപ്പോഴെല്ലാം മദർ പറഞ്ഞു, “എന്റെ കർത്താവേ, നിന്നോടുള്ള സ്നേഹം കൊണ്ട് ഞാൻ തിരഞ്ഞെടുത്ത വഴി ആണിത്. എന്റെ കാര്യത്തിൽ അങ്ങയുടെ ഇച്ഛയാണ് പ്രധാനം. അതുപോലെ കഴിഞ്ഞോളാം. ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ കഷ്ടത അനുഭവിക്കേണ്ടി വന്നാലും ഒരു തുള്ളി കണ്ണീർ പോലും ഇനി ഞാൻ പൊഴിക്കില്ല. അവിടുത്തെ ഇച്ഛയാണെനിക്ക് വലുത്. സഭ രൂപമെടുക്കുന്ന ഇരുണ്ട രാത്രിയാണിത്. ഇപ്പോൾ ഈ നിമിഷം അവിടുത്തെ കല്പന മനസ്സിലാക്കാൻ എനിക്ക് കരുത്തേകണമേ”.
1979 ഡിസംബർ 9-ന് മദർ തെരേസ നോർവെയിലെ ഓസ്ലോവിലെത്തി നൊബേൽ സമ്മാനം സ്വീകരിക്കാൻ. അതിന് മുൻപ് മദർ തെരേസ ആരെന്ന് അറിയാത്തവർ പോലും മദറിനെകുറിച്ചറിഞ്ഞു. അവിടെയുള്ള നാല് നാളും അവരുടെ ഓരോ ചലനവും ഒപ്പിയെടുക്കാൻ ടി വി ക്യാമറകൾ മത്സരിച്ചു.
ഓസ്‌ലോ സർവ്വകലാശാലയുടെ ഓഡിറ്റോറിയത്തിൽ വെച്ച് നോർവേ രാജാവ്, നയതന്ത്രപ്രതിനിധികൾ, ഉന്നതഉദ്യോഗസ്ഥർ, ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള പത്രപ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ മുതുക് തെല്ലു വളഞ്ഞ, സാരിയുടുത്ത, മുഖത്ത് ആഴത്തിൽ ചുളിവുകളുള്ള ഈ കൃശഗാത്രിയായ സന്യാസിനി നൊബേൽ സമ്മാനം സ്വീകരിച്ചു.
നോർവീജിയൻ നോബൽകമ്മിറ്റിയുടെ ചെയർമാൻ ജോൺ സാന്നേസ് ഇങ്ങനെ പറഞ്ഞുകൊണ്ട് പ്രസംഗം ഉപസംഹരിച്ചു, “മനുഷ്യന്റെ അന്തസ്സ് അലംഘനീയമാണെന്ന അടിസ്ഥാനപ്രമാണം ഉയർത്തിക്കാട്ടുന്നതിലൂടെ സമാധാനം സുസ്ഥാപിതമാക്കാൻ യത്നിക്കുന്ന മദർ തെരേസ നൊബേൽ സമ്മാനം അർഹിക്കുന്നുണ്ട്”.
സമ്മാനദാനത്തെ തുടർന്ന് നടത്താറുള്ള പതിവ് വിരുന്ന് വേണ്ടെന്ന് വെച്ച്, അതിന്റെ പൈസ തന്നാൽ കുറെ പട്ടിണി പാവങ്ങൾക്ക് അന്നമൂട്ടാമെന്ന് പറഞ്ഞത് വളരെയേറെ ഹൃദയങ്ങളെ സ്പർശിച്ചു. വിരുന്നിനു ചിലവാക്കാൻ ഉദ്ദേശിച്ചത് മാത്രമല്ല, സാധാരണക്കാരുടെ കുട്ടികളിൽ നിന്നുള്ള പോക്കറ്റ്മണി പോലും ചേർത്ത് നൊബേൽ സമ്മാനത്തിന്റെ പകുതിയോളം വരുന്ന തുക പിന്നെയും പിരിഞ്ഞുകിട്ടി. എത്ര നല്ല മാതൃകയാണ്.
ഫ്ളൈറ്റിലെ ഭക്ഷണം വേണ്ടെന്നു വെച്ച് പണം ആവശ്യപ്പെടുന്നത് കാണുമ്പോൾ മറ്റ് യാത്രക്കാരും അതേപോലെ തന്നെ ചെയ്ത് പണം പിരിഞ്ഞുകിട്ടാറുണ്ട്, പാവങ്ങൾക്ക് കൊടുക്കാനായി അവർ വേണ്ടെന്നുവെച്ച ഭക്ഷണവും ധനികർ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഈശോ മുന്നറിയിപ്പ് നൽകിയിട്ടുണ്ടല്ലോ.
അമേരിക്കൻ സെനറ്റർമാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള ധനികരും കാളിഘട്ടിലെ ആസന്നമരണരുടെ ഭവനത്തിൽ കുത്തിയിരുന്ന് തറ തുടച്ചു. പാവങ്ങളിൽ പാവങ്ങളെ സേവിക്കാൻ അവസരം നൽകിക്കൊണ്ട്, തന്റെതായ വിധത്തിൽ പണക്കാരെയും മദർ തെരേസ ദൈവരാജ്യത്തിനടുത്തേക്ക് കൊണ്ടുവന്നു.
മദർ തെരേസ പാവങ്ങൾക്ക് വേണ്ടി നിലകൊണ്ടതുകൊണ്ടല്ല വിശുദ്ധയായത്, അവൾ വിശുദ്ധയായതു കൊണ്ടാണ് ദരിദ്രരിൽ ദരിദ്രരായവരെ സേവിച്ചത്. ദൈവവുമായി ഒന്നായിരുന്നതുകൊണ്ട്, മുറിവേറ്റവരിൽ, രോഗികളിൽ, വിശക്കുന്നവരിൽ അവൾ കർത്താവിന്റെ മുഖം ദർശിച്ചു. അവൾ കുറഞ്ഞ് അവൻ വളർന്നിരുന്നതുകൊണ്ട്, അവളിൽ മറ്റുള്ളവരും…
തന്റെ മിഷന്റെ ജയപരാജയങ്ങളോർത്ത് അവൾ വേവലാതിപ്പെട്ടില്ല, തന്നെ വിളിച്ച ദൈവത്തോട് താൻ വിശ്വസ്തയാണോ അല്ലയോ അത്രമാത്രമായിരുന്നു എപ്പോഴും അവൾക്കറിയേണ്ടിയിരുന്നത്. ഭാരിച്ച ചിലവുകളോർത്ത്, കയ്യിൽ പണം ഒട്ടുമില്ലാത്തതിനെ ഓർത്ത് അസ്വസ്ഥയായില്ല. അത് അന്വേഷിക്കാൻ കർത്താവുണ്ടല്ലോ.
“Jesus is my God, Jesus is my spouse, Jesus is my life, Jesus is my only love, Jesus is my All in all, Jesus is my everything”. ക്രിസ്തു എന്ന് വിളിക്കുന്നതിനേക്കാൾ നമ്മുടെ കർത്താവിനെ യേശു/ഈശോ എന്ന് വിളിക്കാനാണ് മദർ ഇഷ്ടപ്പെട്ടത്. മറ്റ് സന്യാസിനികളെകൊണ്ടും അങ്ങനെ തന്നെ വിളിപ്പിച്ചു. കുറേക്കൂടി വ്യക്തിപരമായ അടുപ്പം ഈശോയോട് ഉണ്ടാകുന്നതിനായിരുന്നു അത്. സംസാരം അവസാനിപ്പിക്കുന്നത് മിക്കപ്പോഴും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടായിരിക്കും. “ഹൊ, എന്തൊരു ചൂട്, ദൈവത്തിന് നന്ദി ” അല്ലെങ്കിൽ “ഞാൻ വന്നത് നന്നായി, ദൈവത്തിന് നന്ദി” എന്നിങ്ങനെ.
മദറിന്റെ ജീവചരിത്രം എഴുതിയ നവീൻ ചൗള പറഞ്ഞു, ദിവ്യബലിയർപ്പിക്കുമ്പോഴും
രോഗികളെ പരിചരിക്കുമ്പോഴും എന്ന് വേണ്ട ഉണർന്നിരിക്കുന്ന ഓരോ നിമിഷവും ക്രിസ്തുവിനോടൊപ്പമാണെന്ന് മദർ തെരേസയെന്ന് മനസ്സിലാക്കാൻ ഹിന്ദുവായ താൻ മറ്റുള്ളവരെക്കാൾ ഇത്തിരി കൂടുതൽ സമയമെടുത്തെങ്കിലും സാധിച്ചെന്ന്, കാളീഘട്ടിലെ അത്യാസന്നരോഗിയും ക്രൂശിതനായ ക്രിസ്തുവും മദറിന് ഒരുപോലെയാണെന്ന്.
മദർ സംസാരിച്ചതെല്ലാം ജീവനെ പ്രതിയോ സ്നേഹത്തെ പ്രതിയോ ക്രിസ്തുവിനെപ്രതിയോ ആയിരുന്നു. സ്നേഹം വറ്റിപ്പോകുന്ന, കരുതലില്ലാത്ത ഈ ലോകത്ത് മദർ സ്നേഹത്തിന്റെ പ്രവാചികയായി. ദൈവവിളി പിന്തുടർന്ന് വീട്ടുകാരെ ഉപേക്ഷിച്ച് ഇന്ത്യയിലെത്തി.
ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ, ദരിദ്രരിൽ ദരിദ്രരായവരെ സംരക്ഷിക്കാൻ, ‘വിളിക്കുള്ളിലെ വിളി’ സ്വീകരിച്ച്, പേരുകേട്ട സെന്റ് മേരിസ് സ്കൂളിലെ പ്രിൻസിപ്പൽ എന്ന ആദരണീയസ്ഥാനം വലിച്ചെറിഞ്ഞ് ദൈവത്തിന്റെയും ഓവുചാലിൽ കിടക്കുന്ന പാവങ്ങളുടെയും ദാസിയായവളെ ദൈവം ഈ ആധുനിക ലോകത്ത് ഉയർത്തികാണിക്കുന്നു പ്രവാചികയായി. “…നീ എന്റെ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്. എന്റെ രക്ഷ ലോകാതിർത്തി വരെ എത്തുന്നതിന് ഞാൻ നിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും”( എശയ്യ 49:6).
“Love until it hurts…”
“എവിടെപ്പോയാലും സ്നേഹം പരത്തുക. ആദ്യം തുടങ്ങേണ്ടത് നിങ്ങളുടെ വീട്ടിൽ നിന്ന് തന്നെയാണ്. നിങ്ങളുടെ മക്കൾക്ക്, ഭാര്യക്ക്, ഭർത്താവിന്, അപ്പുറത്തുള്ള അയൽക്കാർക്ക് സ്നേഹം നൽകുക.. നിങ്ങളുടെ അടുത്തേക്ക് വരുന്ന ആരും കൂടുതൽ സന്തോഷവാന്മാർ ആകാതെ മടങ്ങിപ്പോകാതിരിക്കട്ടെ. ദൈവത്തിന്റെ കരുണയുടെ ജീവിക്കുന്ന സാക്ഷികൾ ആകുക, നിങ്ങളുടെ മുഖത്ത്, കണ്ണിൽ ചിരിയിൽ, ഊഷ്മളമായ ആശംസയിൽ.. എല്ലാം കരുണ വഴിഞ്ഞൊഴുകട്ടെ”.. “ഇന്നലെകൾ മറഞ്ഞു പോയി, നാളെകൾ എത്തിച്ചേർന്നിട്ടില്ല, ഇന്നുകളേ ഉള്ളു നമ്മുടെ കയ്യിൽ. തുടങ്ങാം നമുക്ക് “.. Happy Feast of St. Mother Theresa.